തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് അവതരിപ്പിച്ചത്.
ധവളപത്രം സഭയില്‍ വെക്കുന്നത് നല്ലതാണെന്നും, ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന നുണകള്‍ക്ക് പകരം സത്യങ്ങള്‍ പുറത്തുവരട്ടെ എന്നുമാണ് മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാല്‍, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷത്തിന്റെ വിയോജന വാദങ്ങള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. കെ എന്‍ ബാലഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകള്‍. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്‍, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയില്‍ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ പോര്. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോരുണ്ടാക്കിയത്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികള്‍ രേഖ ആണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. മുന്‍ ധവളപത്രങ്ങള്‍ പൊളിറ്റിക്കല്‍ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. അതേസമയം,
പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ മറുപടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഈ ധവളപത്രം തയ്യാറാക്കിയത്.
സാമ്പത്തിക മേഖലയില്‍ സമഗ്രമായ ഒരു പുനര്‍നിര്‍മാണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കിഫ്ബിയെ ഉടച്ചുവാര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ധവളപത്രം എന്ന് ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ വസ്തുതാപരമല്ലെങ്കില്‍, വിശദമായ പരിശോധനകള്‍ക്ക് ശേഷം നിയമസഭയില്‍ ഒരു 'ബദല്‍ ധവളപത്രം' അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.
കെ.എന്‍ ബാലഗോപാലിന്റെ വിയോജന കുറിപ്പിനുള്ള മറുപടി നല്‍കിയ ശേഷം,
ധവളപത്രത്തിലെ വിവരങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിലെ മീഡിയ റൂമില്‍ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി വിശദീകരിക്കും. സംസ്ഥാനത്തെ ഖജനാവിലെ ബാക്കിത്തുക,
ഭാവിയിലെ സാമ്പത്തിക പുനര്‍നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവ ഈ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കും.
